പ്രീയപ്പെട്ട കർഷകരെ ഇന്നു ഞാൻ ഒരു കൃഷിയിടം സന്ദർശിച്ചു. വളരെ വേദനാജനകമായ കാഴ്ച്ചയാണ് അവിടെ കാണാൻ കഴിഞ്ഞത്. പൊക്കാളിപ്പാടത്തിൻ്റെ ചിറകളിൽ മനോഹരമായ കുള്ളൻ തെങ്ങുകൾ കായ്ച്ചു നിൽക്കുന്നു. ഈ മനോഹരമായ കാഴ്ച്ച കണ്ട് ഞാൻ ആ തെങ്ങുകൾക്കടുത്തേക്കു പോയി.
അവിടെ കണ്ട കാഴ്ച്ച വെള്ളയ്ക്ക, കരിക്ക്, തേങ്ങ എല്ലാം ഒരു ജീവി തുരന്ന് അതിനകത്തുള്ള ഇളനീരും, കരിക്കും കാമ്പുമൊക്കെ തിന്നിരിക്കുന്നു. തേങ്ങയുടെ മോട് ഭാഗത്ത് ഒരു ഹോളുണ്ടാക്കി ഇളനീരും, കരിക്കും, കാമ്പും കഴിച്ചിരിക്കുന്നു.
തെങ്ങിൻ്റെ ചുവട്ടിലാണേൽ ഇതുപോലെ കുടിച്ചിട്ടുപേക്ഷിച്ച, അവശിഷ്ടങ്ങൾ ഒരു പാടുണ്ട്. തൊട്ടടുത്ത തെങ്ങിൻ ചുവട്ടിലേക്ക് പോയപ്പോൾ മൂത്ത തേങ്ങ വരെ തിന്ന് നശിപ്പിച്ചിരിക്കുകയാണ്. ഞാൻ കരുതി മരപ്പട്ടിയോ, പഴമണ്ണാനോ ആയിരിക്കാം, തേങ്ങ ഇങ്ങനെ തിന്നു നശിപ്പിക്കുന്നതെന്ന്.
തൊട്ടടുത്ത തെങ്ങിൻ ചുവട്ടിൽ പോയപ്പോൾ ചിരട്ട കരണ്ടുന്ന ഒരു ശബ്ദം കേൾക്കാം. ഞാൻ അങ്ങോട് നോക്കിയപ്പോൾ ഒരു എലി മൂത്ത തേങ്ങയുടെ തൊണ്ട് കാർന്നശേഷം അതിനുള്ളിലെ ചിരട്ട കരണ്ട് പൊട്ടിക്കുന്നു.
കായ്ച്ച തെങ്ങുകളിൽ എലികൾ കരിക്കിൻ്റെയും തേങ്ങയുടെയും ഞെട്ടുഭാഗം തുരന്ന് മധുര മുള്ള വെള്ളവും, ഇളം കാമ്പും, തേങ്ങയും, തിന്നും. എലിയുടെ അക്രമണത്തിനിരയായ വെള്ളക്കയും, കരിക്കും, തേങ്ങയുമൊക്കെ താഴെ വീണു കിടക്കുന്നതും കാണാം.
പൊക്കാളിപ്പാടത്തിൻ്റെ ചിറകളിലായതിനാൽ അടുത്തടുത്താണ് തെങ്ങുകൾ നട്ടിട്ടുള്ളത്.രണ്ടു തെങ്ങുകളിലെ ഓലകൾ പരസ്പ്പരം കൂട്ടിമുട്ടുന്നതിനാൽ എലികൾക്ക് ഓലകൾ വഴി വളരെ വേഗത്തിൽ ഒരു തെങ്ങിൽ നിന്ന് മറ്റൊരു തെങ്ങിലേക്ക് കയറുവാനും കഴിയും.. അങ്ങനെ നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുകയാണ് എലികൾ .
എലി നിയന്ത്രണം എങ്ങനെ ?
എലികളുടെ ഉപദ്രവമുള്ള തെങ്ങുകളുടെ മണ്ട വൃത്തിയാക്കി വാർഫാറിൻ കേക്കുകൾ മണ്ടയിൽ വയ്ക്കാവുന്നതാണ്. 3 മാസത്തിലൊരിക്കൽ ഇവ മണ്ടയിൽ വയ്ക്കണം. കൂടാതെ ബ്രോമാഡയാലോൺ അടങ്ങിയ വാക്സ് ബ്ലോക്കുകൾ തെങ്ങിൻ്റെ മണ്ടയിൽ 3-4 ദിവസം ഇടവിട്ട് വയ്ക്കുക. കൂടാതെ എലിവിഷം ഉപയോഗിച്ചും എലിയെ കൊല്ലാവുന്നതാണ്. സിങ്ക് ഫോസ് ഫൈഡ് എന്ന കറുത്ത രൂപത്തിലുള്ള വിഷമാണ്.
ഇത് കഴിച്ചാലുടനെ എലി ചാവും. എലികൾ ഭക്ഷിക്കുന്ന ആഹാര സാധനങ്ങളൾക്കുള്ളിൽ വിഷം നിറച്ച് തെങ്ങിൻ്റെ മണ്ടയിൽ നിക്ഷേപിക്കണം. വിഷം കലർത്താത്ത ഭക്ഷണം വച്ച് അത് എലി എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് വിഷം ചേർത്ത തീറ്റ വയ്ക്കേണ്ടത്.എലിക്ക് ഇഷ്ടപ്പെട്ട തീറ്റ വേണം തിരഞ്ഞെടുക്കുവാൻ.
എലികൾ തെങ്ങിൽ കയറുന്നത് തടയുവാനായി ചുവട്ടിൽ നിന്നും രണ്ടു മീറ്റർ ഉയരത്തിലായി ഒരു മീറ്റർ വീതിയുള്ള കറുത്ത പോളിത്തീൻ ഷീറ്റ് പൊതിഞ്ഞു കൊടുക്കുക.പോളിത്തീൻ ഷീറ്റിൻ്റെ പുറം മിനുസമുള്ളതിനാൽ എലിക്ക് അതിലൂടെ മുകളിലേക്ക് കയറാൻ സാധിക്കുകയില്ല. ഇത് വളരെ ചിലവു കുറഞ്ഞ ഒരു രീതിയാണ്.
........... തുടരും .................
തയ്യാറാക്കിയത്: SK. ഷിനു (കൃഷി അസിസ്റ്റൻ്റ്)
NB: നാളികേര കൃഷിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ,അഭിപ്രായങ്ങളും ,നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.