എല്ലാ കാലത്തും വിളവ് ലഭ്യമാക്കാവുന്ന പീച്ചിങ്ങയുടെ കൃഷിരീതി

ചെടി കായകളുണ്ടാകാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിൽ അതിനു കാരണം ആണ്‍പൂക്കള്‍ മാത്രമാണുണ്ടായതെന്ന് തിരിച്ചറിഞ്ഞാല്‍ കൃഷി കൂടുതല്‍ കാര്യക്ഷമമാക്കാനും വിളവെടുക്കാനും കഴിയും. രക്തം ശുദ്ധീകരിക്കാനും പ്രമേഹത്തെ അകറ്റാനും കഴിയുന്ന ഘടകങ്ങള്‍ പീച്ചിങ്ങയിലുണ്ട്.  നാരുകള്‍ ധാരാളം അടങ്ങിയ ഈ പച്ചക്കറി കഴിച്ചാല്‍ ശരീരഭാരം കുറയാനും അലര്‍ജി ഒഴിവാക്കാനുമൊക്കെ കഴിയും.

അല്‍പം ചൂടുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ചെടിയാണിത്. 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അനുയോജ്യം. പലയിനം മണ്ണില്‍ വളര്‍ത്താവുന്നതാണ്. മണല്‍ കലര്‍ന്ന പശിമരാശി മണ്ണിലാണ് കൂടുതല്‍ വിളവ് തരുന്നത്. പ്രധാന കൃഷിഭൂമി നാലോ അഞ്ചോ പ്രാവശ്യം ഉഴുതുമറിച്ച ശേഷമാണ് വന്‍തോതിലുള്ള കൃഷി ആരംഭിക്കുന്നത്. മണ്ണിലെ പി.എച്ച് മൂല്യം 6.5 -നും 7.5 -നും ഇടയിലായിരിക്കണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് വേണം. ജൈവവളം തന്നെയാണ് അഭികാമ്യം.

വിത്ത് വിതയ്ക്കുന്നതിന് മുമ്പായി 10 ഗ്രാം സ്യൂഡോമോണാസ് ഫ്‌ളൂറെസെന്‍സിലോ നാല് ഗ്രാം ട്രൈക്കോഡെര്‍മ വിരിഡെയിലോ മുക്കിവെച്ചശേഷം വിതയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് കിലോഗ്രാം മുതല്‍ ആറ് കിലോഗ്രാം വരെ വിത്തുകള്‍ വിതയ്ക്കാവുന്നതാണ്. വിത്തുകള്‍ പോളിബാഗുകളില്‍ മുളപ്പിക്കാവുന്നതാണ്. ചെടികള്‍ വളര്‍ന്നുപന്തലിക്കാനായി മുളകള്‍ കൊണ്ടോ മറ്റെന്തെങ്കിലും വസ്‍തുക്കള്‍ കൊണ്ടോ താങ്ങുകൊടുക്കണം.

പീച്ചിങ്ങ കൃഷി ചെയ്യുന്ന കാലയളവ് മുഴുവന്‍ ഒരു ഹെക്ടറിലുള്ള കൃഷിഭൂമിയില്‍ 250 കി.ഗ്രാം നൈട്രജനും 100 കി. ഗ്രാം ഫോസ്ഫറസും  100 കി. ഗ്രാം പൊട്ടാസ്യവും വളമായി നല്‍കിയിരിക്കണം. രണ്ടോ മൂന്നോ തവണകളായാണ് വളം നല്‍കേണ്ടത്. തുള്ളിനനയാണ് പീച്ചിങ്ങയുടെ കൃഷിയില്‍ അനുവര്‍ത്തിക്കാന്‍ നല്ലത്. കളകളെ നിയന്ത്രിക്കാനും ജലനഷ്ടം ഒഴിവാക്കാനും ഇത് നല്ലതാണ്. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല.

കൃഷി തുടങ്ങി 45 മുതല്‍ 60 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. മണ്ണിലെ പോഷകമൂല്യത്തെ ആശ്രയിച്ച് ഒരു ഹെക്ടറില്‍ നിന്നും 70 മുതല്‍ 90 ക്വിന്റല്‍ വരെ വിളവ് പ്രതീക്ഷിക്കാം. ആദ്യത്തെ പൂവിടല്‍ ആരംഭിച്ചശേഷം രണ്ടാഴ്ചത്തെ വളര്‍ച്ചയെത്തിയാലാണ് കായകള്‍ മൂപ്പെത്താറുള്ളത്. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാലും ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം കിട്ടിയാലും പീച്ചിങ്ങയിലെ പൂക്കള്‍ കൊഴിയും. അതുപോലെ മണ്ണില്‍ പോഷകങ്ങളുടെ അഭാവമുണ്ടായാലും പൂക്കള്‍ കൊഴിഞ്ഞുപോകാം. വളരെ കുറഞ്ഞ ചെലവില്‍ വളര്‍ത്തി കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതല്‍ വിളവെടുക്കാവുന്ന പച്ചക്കറിയാണിത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section