വിളപരിപാലനം: കാർഷിക സർവ്വകലാശാലയുടെ പുതിയ നിർദ്ദേശങ്ങൾ
നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നെൽകൃഷിയിലെ ശ്രദ്ധയ്ക്ക്
🌾 തണ്ടുതുരപ്പനും ഇലചുരുട്ടിയും: പുഞ്ചകൃഷിയുള്ള പാടങ്ങളിൽ ഇവയെ തടയാൻ ഒരേക്കറിന് 2 ട്രൈക്കോഗ്രമ്മ മുട്ടക്കാർഡുകൾ ഉപയോഗിക്കുക. 20 കഷണങ്ങളാക്കി മുറിച്ച് 5 സെൻ്റിന് ഒന്ന് വീതം കെട്ടിവെക്കണം. രണ്ടാഴ്ച കൂടുമ്പോൾ കാർഡുകൾ മാറ്റുക.
🌾 വളപ്രയോഗം: ഒരു മാസം പ്രായമായ നെല്ലിന് ഏക്കറിന് 25 കി.ഗ്രാം യൂറിയയും 15 കി.ഗ്രാം പൊട്ടാഷും നൽകാം.
🌾 രോഗപ്രതിരോധം: ഓലകരിച്ചിൽ തടയാൻ ഒരു കിലോ സ്യൂഡോമോണാസ്, 20 കിലോ ചാണകപ്പൊടിയോ മണലോ ചേർത്ത് വിതറാം. അല്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
തെങ്ങ് പരിപാലനം
🥥 വിത്തുതേങ്ങ സംഭരണം: നന്നായി വിളഞ്ഞ നാളികേരം വിത്തിനായി എടുക്കുക. ലക്ഷണമൊത്ത തേങ്ങകൾ ഒരു മാസം തണലിൽ സൂക്ഷിച്ച ശേഷം മാത്രം നടുക.
💧 ഈർപ്പം നിലനിർത്താൻ: തെങ്ങിൻ തടങ്ങളിൽ പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിന് ചുറ്റും രണ്ടോ മൂന്നോ മീറ്റർ അകലത്തിൽ ചാലെടുത്ത് ചകിരി അടുക്കി മണ്ണിട്ട് മൂടാം. തെങ്ങൊന്നിന് 25 കിലോ ചകിരിച്ചോറ് ഇടുന്നതും ഈർപ്പം സംരക്ഷിക്കാൻ സഹായിക്കും.
വാഴയും കവുങ്ങും
🍌 വാഴയിലെ ഇലപ്പുള്ളി രോഗം: ഇതിനെതിരെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുക. തടതുരപ്പനെതിരെ വാഴത്തടയിൽ ചെളി പുരട്ടുകയോ വേപ്പെണ്ണ സോപ്പ് മിശ്രിതം ഉപയോഗിക്കുകയോ ചെയ്യുക.
🍌 കടചീയൽ രോഗം: വെള്ളം തോട്ടത്തിലേക്ക് കടക്കുന്ന ഭാഗത്ത് ബ്ലീച്ചിങ്ങ് പൗഡർ കിഴികളാക്കി വെക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കും.
🌴 കവുങ്ങിലെ ഇടവിളകൾ: കവുങ്ങിന് നന തുടരണം. ജാതി, വാഴ, തീറ്റപ്പുല്ല്, കുരുമുളക് തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാം.
പച്ചക്കറികൾ
🥒 വിഷു വെള്ളരി: കണിവെളളരി നടാനുള്ള സമയമാണിത്. സർവ്വകലാശാലയുടെ 'മുടിക്കോട് ലോക്കൽ' ഇനം ഇതിന് അനുയോജ്യമാണ്.
🪰 കായീച്ചക്കെണി: പാവൽ, പടവലം എന്നിവയിലെ കായീച്ചകളെ നിയന്ത്രിക്കാൻ കായീച്ചക്കെണികൾ ഉപയോഗിക്കുക. ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തിൽ ഇവ വെക്കാം.
🌿 ജൈവകീടനാശിനികൾ: 5 ലിറ്റർ പുകയിലക്കഷായം തയ്യാറാക്കാൻ 500 ഗ്രാം പുകയിലയും 120 ഗ്രാം ബാർസോപ്പും വേണം. ഇപ്രകാരം തയ്യാറാക്കുന്ന മിശ്രിതം 6-7 ഇരട്ടി വെള്ളം ചേർത്ത് തളിക്കാം.
ഏറ്റവും പുതിയ കാർഷിക വാർത്തകളും കൃഷിരീതികളും നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലോ ചാനലിലോ ജോയിൻ ചെയ്യുക.
📢 Follow ourWhatsApp Channel
Group
കൂടുതൽ അറിവുകൾക്കായി ഞങ്ങളോടൊപ്പം ചേരുക.