കുട്ടനാടിന്റെ ജാതകം മാറ്റിയെഴുതുമോ കുളവാഴ?
Dr. നാഗേന്ദ്ര പ്രഭുവിനിത് സ്വപ്‍ന സാക്ഷാത്കാരം...
കുളവാഴ മൂല്യവർദ്ധനയ്ക്കുള്ള "ഹരിത നൈപുണ്യവികസന പദ്ധതിയ്ക്ക്" (Green Skill Development Programme) ദേശീയ അംഗീകാരം. കുളവാഴയിൽ ദീർഘകാലമായി ഗവേഷണം നടത്തുന്ന ആലപ്പുഴ എസ്. ഡി. കോളേജിലെ പ്രൊഫ. Dr. നാഗേന്ദ്ര പ്രഭു, അദ്ദേഹം മാർഗ നിർദേശം നൽകുന്ന വി. അനൂപ്കുമാർ എന്ന ഗവേഷക വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള 'Eichotech' എന്ന Student Start up ലെ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലിനെ ത്തുടർന്നാണിത്.
ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ (NSQF) ലെവൽ 4 കോഴ്സ് ആയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ കോഴിക്കോട്ടുള്ള സർക്കാർ മലബാർ ബോട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് വഴി കോഴ്സ് നടക്കും.
പ്രൊഫ. ജി. നാഗേന്ദ്ര പ്രഭു കാൽനൂറ്റാണ്ടിലധികമായി നടത്തി വരുന്ന അശ്രാന്തമായ ഗവേഷണ സപര്യയുടെ ഫലമാണ് ഈ നൂതന കോഴ്‌സിന് അംഗീകാരം ലഭിച്ചത്. 1998 മുതൽ അദ്ദേഹം നാടിൻ്റെ ശാപമായ കുളവാഴയും മറ്റ് അധിനിവേശ സസ്യങ്ങളെയും ഉപയോഗത്തിലൂടെ നിയന്ത്രിക്കുവാനുള്ള ആശയവുമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു, ഇത് കഴിഞ്ഞ വർഷങ്ങളിൽ കുളവാഴയുടെ മൂല്യവർദ്ധനയ്ക്കായുള്ള നിരവധി ഗ്രാമീണ സാങ്കേതികവിദ്യകളുടെ വികസനത്തിന് കാരണമായി. ജനങ്ങൾക്ക് നിരവധി ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുകയും ജല ജൈവവൈവിധ്യത്തിന് ഗുരുതരമായ നഷ്ടം വരുത്തുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്ന കുളവാഴയെ ഒരു "പുതിയ കല്പസസൃമായി" രൂപാന്തരം വരുത്തുവാൻ സഹായിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രൊഫസർ ഡോ. ജി. നാഗേന്ദ്ര പ്രഭു നിലവിൽ കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിലെ ഫ്യൂച്ചർ കേരള മിഷൻ്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. എസ്. ഡി. കോളേജിൽ സുവോളജി ബിരുദാനന്തര വിഭാഗത്തിൽ 1995 മുതൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇക്കഴിഞ്ഞ മേയ് മാസം 31ന് വകുപ്പ് മേധാവിയായി വിരമിച്ചു. 7 ഗവേഷണ പദ്ധതികളും തൻ്റെ ഗവേഷണങ്ങൾ സമൂഹത്തിന് ഗുണകരമാകുവാനുള്ള 2 അവബോധന പരിശീലന പദ്ധതികളും വിജയകരമായി പൂർത്തിയാക്കി.
യു.കെ സർക്കാരിൻ്റെ "ഗ്ലോബൽ ചലഞ്ചസ് റിസർച്ച് ഫണ്ടി"ൽ ഉൾപ്പെടുത്തി കുളവാഴയുടെ വളർച്ചയും മറ്റും ഉപഗ്രഹ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ചുള്ള 3 കോടി രൂപയുടെ ഒരു പ്രധാന അന്താരാഷ്ട്ര പദ്ധതിയിൽ പങ്കാളിയായിരുന്നു അദ്ദേഹം. ഗവൺമെൻ്റ് ബാർട്ടൺഹിൽ എൻജിനിയറിംഗ് ആസ്ഥാനമായുള്ള എക്കോലൂപ്പ് 360 (Ecoloop360), എസ്. ഡി. കോളേജ് ആസ്ഥാനമായി പ്രവർത്തിച്ച ഐക്കോടെക് (Eichhotech) എന്നീ വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളുടെ മാർഗദർശിയായും പ്രവർത്തിച്ചിരുന്നു.
ഇവർ നിരവധി ദേശീയ, സംസ്ഥാന തല മത്സരങ്ങളിൽ വിജയിക്കുകയും കുളവാഴ നിയന്ത്രിക്കുന്നതിനുള്ള വിജയകരമായ പ്രകൃതി അധിഷ്ഠിത പരിഹാരമായി യു.എൻ പരിസ്ഥിതി സംഘടന (UNEP) നടത്തിയ മൽസരത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. ജലജന്യ കളകളുടെ മൂല്യവർദ്ധനയ്ക്കായി നിരവധി ഗ്രാമീണ സാങ്കേതികവിദ്യകൾ അദ്ദേഹത്തിൻ്റെ സംഘം വികസിപ്പിച്ചെടുക്കുകയും കുടുംബശ്രീയുടെ വനിതാ സംരംഭകർ, ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാർ, ബഡ്സ് സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് കുളവാഴയുടെ മൂല്യവർദ്ധനയെക്കുറിച്ച് പരിശീലനം നൽകുകയും ചെയ്തു.
ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടണം എന്ന കാഴ്ചപ്പാടോടെ 2017ൽ അദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യകൾ ആവശ്യക്കാർക്ക് കൈമാറുന്നതിനായി എസ്. ഡി. കോളേജിൽ ഒരു സാമൂഹ്യ പരിശീലന കേന്ദ്രം സ്ഥാപിച്ചു. ഇങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി 2024 ഡിസംബറിൽ ഇത് കേരള യൂണിവേഴ്‌സിറ്റിയുടെ ബിരുദ സിലബസിൽ (FYUGP) ഉൾപ്പെടുത്തുന്നതിന് കാരണമായി. സ്വന്തം കണ്ടെത്തലുകൾ തൻ്റെ വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് ശേഷം വിരമിച്ചു എന്ന അപൂർവ്വതയും പ്രൊഫസർ പ്രഭുവിന് ലഭിച്ചു.
പ്രൊഫ. പ്രഭുവിനെയും വിദ്യാർത്ഥികളെയും രാജ്ഭവനിലേക്ക് (ഇപ്പോൾ ലോക്ഭവൻ) പത്ത് മിനിട്ട് കൂടിക്കാഴ്ച്ചയ്ക്ക് അനുവദിച്ച ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ 2024 ജനുവരി 22-ന് ഏകദേശം ഒരു മണിക്കൂറാണ് അവരുമായി ചിലവഴിച്ചത്. മികച്ച അധ്യാപകനത്തിനും, ഗവേഷണത്തിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കുമുള്ള ഇരുപതോളം അവാർഡുകളും ഫെല്ലോഷിപ്പുകളുമാണ് അന്താരാഷ്ട്ര - ദേശീയ - സംസ്ഥാന തലങ്ങളിലായി അദ്ദേഹത്തിനെ തേടിയെത്തിയത്. ഇപ്പോൾ ലഭിച്ച നൂതന ജിഎസ്‌ഡിപി കോഴ്‌സിൻ്റെ അംഗീകാരം മറ്റൊരു നാഴികക്കല്ലാണ്. സമർപ്പണവും ശ്രദ്ധയും സുസ്ഥിരവുമായ പരിശ്രമങ്ങൾക്ക് ആഗോള തലത്തിലുള്ള സാധ്യതകളോടെ നല്ല ഫലങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നതിൻ്റെ തെളിവാണിത് എന്ന് നിസ്സംശയം പറയാം.
വിശദ വിവരങ്ങൾക്ക്: 9495017501
കൂടുതൽ താല്പര്യം ഉള്ളവർക്ക് കുളവാഴയെക്കുറിച്ച് ഞാൻ മുൻപെഴുതിയ പോസ്റ്റ് വായിക്കാം.
കുട്ടനാടിന്റെ മഹാലക്ഷ്മിയാകുമോ കുളവാഴ?
കുട്ടനാടൻ ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും വെള്ളത്തിൽ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന കുളവാഴയെ ശ്രദ്ധിക്കും. നമ്മൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ചെടികൾക്ക് കാണാത്തത്ര തഴപ്പും ഹരിതാഭയും. കീടരോഗങ്ങൾ ഒന്നുമേ ഇല്ല. എന്താണിതിന്റെ രഹസ്യം എന്ന് ഏതൊരാളും ചിന്തിച്ചുപോകും. വെള്ളത്തിൽ അടിഞ്ഞുകൂടുന്ന വളങ്ങൾ ആണ് ഈ വേഗപ്പെരുക്കലിനും തഴപ്പിനും പിന്നിൽ.
ലാറ്റിൻ അമേരിക്കയിൽ നിന്നും ലോകമെമ്പാടുമുള്ള ഉൾനാടൻ ജലാശയങ്ങളിലേക്ക് പടർന്നിറങ്ങി അധിനിവേശം നടത്തിയ കുളവാഴയുടെ ശാസ്ത്രീയനാമം Eichhornia crassipes എന്നായിരുന്നു. ഇപ്പോൾ Pontederia crassipes എന്നാക്കിമാറ്റിയിട്ടുണ്ട്. Pontederiaceae എന്ന സസ്യകുടുംബത്തിലെ അംഗം. നിരവധി ഉപവിഭാഗങ്ങൾ ഉണ്ട് കുളവാഴയിൽ. P. azurea, P. diversifolia, P. heterosperma, P. natans എന്നിങ്ങനെ.
(Beautiful) Blue Devil, Bengal Terror, German weed, Water Orchid എന്നിങ്ങനെ പല വിളിപ്പേരുകളും ഉണ്ട്. ബംഗ്ലാദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ഇത് തദ്ദേശീയർക്കുണ്ടാക്കുന്ന പൊല്ലാപ്പുകൾ മൂലമാണ് Bengal Terror എന്നറിയപ്പെട്ടത്.
ലാറ്റിൻ അമേരിക്കയിൽ നിന്നും, ആഗോളജലനിറസാന്നിധ്യമായതിന്റെ പിന്നിൽ പല കഥകളും പറയുന്നുണ്ട്. അക്വെറിയത്തിൽ വളർത്താനും കൃത്രിമജലാശയങ്ങൾക്ക് ഭംഗി പകരാനുമൊക്കെയായി ഇത് പലരും ഇറക്കുമതി ചെയ്ത്, അലക്ഷ്യമായി കൈകാര്യം ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥ എന്ന് കരുതപ്പെടുന്നുണ്ട്. അമേരിക്കയിൽ ഇത് പടർത്തിയത് ജപ്പാൻകാരാണ് എന്നൊരു വാദമുണ്ട്. 1884, ൽ അവിടെ Orleans ൽ നടന്ന ഒരു World Fair (World Cotton Centennial) ൽ ജപ്പാൻകാർ ഇത് അമേരിക്കയിൽ കൊണ്ട് വരികയും പല ആൾക്കാർക്കും സമ്മാനിയ്ക്കുകയും ചെയ്തത്രേ. അത് ആരൊക്കെയോ അലക്ഷ്യമായി ജലാശയങ്ങളിൽ വലിച്ചെറിയുകയും അത് ഒരു Ecological Plague ആയി പകരുകയും ചെയ്തു.
ശ്രീലങ്കയിൽ ഇത് Japanese Trouble എന്ന് പറയാറുണ്ട്. ജപ്പാൻകാർ കൊടുത്ത മുട്ടൻ പണിയുടെ ചിരസ്മരണ. ലോകത്തെ ഏറ്റവും നികൃഷ്ടമായ ജലകളസസ്യം (Worst Aquatic Weed) ആയിട്ടാണ് Water Hyacinth അഥവാ കുളവാഴ അറിയപ്പെടുന്നത്.
എന്താണ് ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ?
- നിശ്ചിതവിസ്തൃതിയിൽ നിന്നും അതിന്റെ ഇരട്ടി സ്ഥലത്തേക്ക് പടർന്നുപന്തലിക്കാൻ ഇതിന് രണ്ടാഴ്ച മതിയാകും. നോക്കിനിൽക്കുമ്പോൾ വളരുന്ന ചെടിയാണ് ഈ 'നീല സത്വം'.
- വിത്തുകൾ വഴിയും തണ്ടിന്റെ കഷണങ്ങൾ (Runners / Stolons) വഴിയും വംശവർദ്ധനവ് നടത്തും.
- ജലാശയങ്ങളുടെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നത് കൊണ്ട് വെള്ളത്തിന്റെ അടിയിലേക്കുള്ള സൂര്യപ്രകാശത്തിന്റെയും ജീവവായുവിന്റെയും സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. സ്വാഭാവികമായും അത് ജലജീവികളുടെ നിലനിൽപ്പിനെയും സസ്യ -ജന്തു പ്ലവകങ്ങളുടെ (Phyto & Zoo planktons) വളർച്ചയെയും ദോഷകരമായി ബാധിക്കും. മത്സ്യസമ്പത്ത് കുറയ്ക്കും. അതിനെ പിടിച്ച് ഉപജീവനം നടത്തുന്നവരുടെ വരുമാനത്തെ ബാധിക്കും.
- ജലാശയങ്ങളിലെ ജൈവ വൈവിദ്ധ്യത്തെയും ആഹാര ശൃംഖലയെയും (Food web) തകർക്കും.
- ഓക്സിജന്റെ അളവ് കുറയുന്നത് വെള്ളത്തിന്റെ ശുദ്ധതയെ ബാധിക്കും.
- ജല ഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിക്കും (കുട്ടനാട് കാർക്ക് അത് നന്നായി അറിയാം).
- കൊതുകുകൾ പെരുകാൻ കാരണമാകും. മലേറിയ പോലെയുള്ള രോഗങ്ങൾ പകരാൻ ഇടയാകും.
- Shistosoma പോലെയുള്ള പരാദ വിരകൾ വെള്ളത്തിൽ പെരുകാൻ കാരണമാകും. Shistosomiasis, Snail fever പോലെയുള്ള രോഗങ്ങൾക്ക് സാധ്യത കൂടും.
ആകെമൊത്തം ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതം അത് ദുസ്സഹമാക്കും.
ഈ 'നീലസുന്ദരി' യുടെ ചില നല്ല വശങ്ങൾ
ഒരു നാണയത്തിന് രണ്ട് വശം ഉള്ളത് പോലെ, ഈ 'നീലസുന്ദരി' യുടെ ചില നല്ല വശങ്ങൾ കാണാതെ പോകരുത്.
- കുളവാഴ പൂത്തുലഞ്ഞു കിടക്കുന്ന ജലാശയങ്ങൾ ഒരു മനോഹരകാഴ്ചയാണ്.
- ഇത് ചീയുമ്പോൾ മീഥേൻ പോലെയുള്ള വാതകങ്ങൾ കൂടുതലായി ഉണ്ടാകും. ആയതിനാൽ ബയോഗ്യാസ് ഉത്പാദനത്തിന് ഏറ്റവും പറ്റിയ അസംസ്കൃതപദാർത്ഥമാണ്.
- വെള്ളത്തിൽ അടിഞ്ഞു കൂടിയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, Cadmium, Chromium, Arsenic, Mercury, നിക്കൽ, Cobalt എന്നിവയെ വലിച്ചെടുത്ത് വെള്ളം ശുദ്ധമാക്കാൻ ഇവരോളം പോന്നചെടികൾ ഇല്ല. ചൈനയിലും മറ്റും വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വെള്ളത്തിലെ ഘനലോഹങ്ങളെ വലിച്ചെടുത്ത് വെള്ളം ശുദ്ധമാക്കാൻ (Bio remediation) ഇതിനെ പ്രയോജനപ്പെടുത്തുന്നു.
- ഘനലോഹങ്ങൾ ഇല്ലാത്ത സ്ഥലത്തെ വെള്ളത്തിൽ നിന്നും ശേഖരിച്ച് സാംസ്‌കരിച്ചെടുത്താൽ നല്ല ഒന്നാന്തരം കാലിത്തീറ്റയും മത്സ്യതീറ്റയുമാണ്.
- കമ്പോസ്റ്റിങ്ങിലൂടെ നല്ല ഗുണമേന്മയുള്ള ജൈവവളങ്ങൾ ആക്കി മാറ്റാം. പക്ഷെ ഇതിന്റെ 95% വും വെള്ളമാണ്. ആയതിനാൽ ഖരവസ്തുക്കളുടെ അളവ് വെറും 5% മാത്രം. 1000 കിലോ പച്ചക്കുളവാഴയിൽ നിന്നും കഷ്ടി അമ്പത് കിലോ വളം കിട്ടും. ആയതിനാൽ വാരിയെടുത്ത് വേറൊരു സ്ഥലത്ത് കൊണ്ട് പോയി കമ്പോസ്റ്റ് ആക്കുന്നത് മുതലാകില്ല. വാരിയിടുന്ന സ്ഥലത്ത് തന്നെ കമ്പോസ്റ്റിംഗ് നടത്തണം.
- ഇതിൽനിന്നും എത്തനോൾ, സെല്ലുലോസ് എന്നിവ വേർതിരിച്ചെടുക്കാം. സെല്ലുലോസ് ഉപയോഗിച്ച് നല്ല ദൃഢതയുള്ള ബോർഡ് ഉണ്ടാക്കാം.
- ഉണക്കി, ചെടികളുടെ തടങ്ങളിൽ പുതയിടാം.
- മുള ഉപയോഗിച്ചുള്ള ചട്ടങ്ങളിൽ ഇവ വാരി നിറച്ച് Bio beds (ജൈവ പണകൾ) ഉണ്ടാക്കി അതിൽ കൃഷി ചെയ്യാം. Floating Raft farming. ബംഗ്ലാദേശ് ഇത് നന്നായി പ്രയോജനപ്പെടുത്തുന്നു.
- അതിന്റെ നീളമുള്ള തണ്ടുകൾ മുറിച്ച്, ഇലകളും വേരുകളും നീക്കം ചെയ്ത്, ഉണക്കിയെടുത്ത് ഫർണിച്ചർ handbags, തടുക്കുകൾ, ബാസ്കറ്റുകൾ, pen holder, Wall hangings, കയർ, lampshades, paper, souvenirs, Picture frames എന്തിന് ഇതിന്റെ നാരിൽ നിന്നും വസ്ത്രങ്ങൾ വരെ നിർമ്മിക്കാം.
- ഇതിന്റെ ഇളം ഇലകൾ പച്ചക്കറിയായി വിയറ്റ്നാം പോലെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നവരും ഉണ്ട്.
കാര്യങ്ങൾ അങ്ങനെ ഒക്കെ ആണെങ്കിലും, ഇതിനെ വാരി നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. ജലാശയങ്ങളിൽ രാസകളനാശിനികൾ തളിച്ച് നിയന്ത്രിക്കുന്നതും ആശാസ്യമല്ല. വാരി കരയിൽ ഇട്ട് ചീയിച്ചാൽ അതിൽനിന്നും പുറത്ത് വരുന്നത് മീഥേൻ, CO2, Nitrous Oxide പോലെയുള്ള ഹരിതഗൃഹവാതകങ്ങൾ ആണ് താനും. അത് ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
ജൈവിക നിയന്ത്രണം (Biological Control)
പിന്നെയുള്ള സാധ്യത ജൈവിക നിയന്ത്രണ (Biological Control) മാണ്. Neochetina bruchi, N. eichhorniae എന്നീ വണ്ടുകൾ ഇവയുടെ തണ്ടുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കി, അവയുടെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ശേഷി നശിപ്പിച്ച്, വെള്ളത്തിൽ ആഴ്ത്തികളയുന്നു. പക്ഷെ അപ്പോഴും അത് വെള്ളത്തിന്റെ ദ്വിതീയ മലിനീകരണ (Secondary Pollution) ത്തിനു കാരണമാകും. വെള്ളം അശുദ്ധമാകും.
Sameodes albiguttalis എന്ന തുരപ്പൻ കീടം, Megamelus scutellaris എന്ന തുള്ളൻകീടം എന്നിവയൊക്കെ വളരെ സാവധാനത്തിൽ കുളവാഴയെ നശിപ്പിക്കും. പക്ഷെ നശിക്കുന്നതിനനുസരിച്ച് അവ പുനരുജ്ജീവിക്കും. ഇതിന്റെ വിത്തുകൾ 27 കൊല്ലം വരെ അടിത്തട്ടിലുള്ള മണ്ണിൽ മുളശേഷി നശിക്കാതെ കിടക്കും.
ജാർഖണ്ടിൽ, അവിടുത്തെ തെരെഞ്ഞെടുത്ത പ്രദേശങ്ങളിൽ, പ്രാദേശിക ജനതയുടെ സഹായത്തോടെ, ESAF കുളവാഴ ശേഖരിച്ച്, ഉണക്കി, അതുപയോഗിച്ച് നിരവധി കരകൗശലവസ്തുക്കളും ബാഗുകളും ബാസ്കറ്റുകളും തടുക്കുകളും ലാമ്പ് ഷേഡ്കളും ഒക്കെ ഉണ്ടാക്കി ആഗോളപ്രശസ്തിയുള്ള Ikea പോലെയുള്ളവരുമായി ചേർന്ന് മാർക്കറ്റ് ചെയ്യുന്നുണ്ട്.
വാൽ കഷ്ണം
വിക്ടോറിയ തടാകത്തിൽ അടക്കം കുളവാഴ പെരുകിയപ്പോൾ ഇതിനെ നിയന്ത്രിക്കാൻ ഉള്ള പലവഴികളെ ക്കുറിച്ച് അമേരിക്കൻ ഭരണകൂടം തല പുകഞ്ഞ് ആലോചിച്ചു. അപ്പോൾ, ആഫ്രിക്കയിൽ നിന്നും ഹിപ്പോപൊട്ടമസിനെ കൊണ്ട് വന്ന് ഈ ജലശയങ്ങളിലേക്ക് ഇറക്കിവിടാം എന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. തിന്ന് തീർക്കുന്ന ഹിപ്പോയുടെ ഇറച്ചിയും പ്രയോജനപ്പെടുത്താം എന്നതായിരുന്നു ചിന്ത. 'അങ്കവും കാണാം താളിയും ഒടിക്കാം'. പക്ഷെ പണി പാളി. ഒരു വോട്ടിനു പ്രമേയം പരാജയപ്പെട്ടു. അമേരിക്കൻ ഹിപ്പോ ബിൽ 23621 എന്നാണ് അത് അറിയപ്പെട്ടത്.
എന്തായാലും ദൗർബല്യങ്ങളെ ശക്തിയാക്കി മാറ്റുക എന്നത് അംഗീകരിക്കപ്പെട്ട ഒരു പ്രയോഗതന്ത്രമാണ്. If you have lemon, make lemonade എന്നാണല്ലോ ചാണക്യൻ പറഞ്ഞിരിക്കുന്നത്.
ഈ വിഷയത്തിൽ മുൻപൊരിക്കൽ ഒരു ശില്പശാല സംഘടിപ്പിച്ചപ്പോൾ ഉണ്ടായ ഒരു തമാശ ഓർത്ത് പോയി. ശില്പശാല ഉദ്ഘാടനം ചെയ്ത ജഡ്ജി, തന്റെ മുഖ്യ പ്രഭാഷണത്തിൽ 'കുളവാഴ ഒരു വലിയ ശാപമാണ് (Bane)' എന്ന് പറഞ്ഞാണ് തുടങ്ങിയത്. ശേഷം, വിദഗ്ധർ ഇതിന്റ ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പറയേണ്ടി വന്നുവത്രെ, ഇത് ഒരു വരം (Boon) ആണ്. ഇതിനെ നമ്മൾ വീട്ടിൽ ടാങ്കുകളും പടുതാക്കുളങ്ങളും ഉണ്ടാക്കി വളർത്താൻ സ്കീമുകൾ കൊണ്ട് വരേണ്ടിയിരിക്കുന്നുവെന്ന്. അത്രയ്ക്കുണ്ട് ഇതിന്റെ സാധ്യതകൾ എന്ന്. യേത്...
ചിന്തിച്ചാൽ അന്തമില്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. അസംസ്കൃത വസ്തു ചെലവില്ലാതെ ലഭിക്കുന്നതിനാൽ ഇതിനെ ഒരവസരമായിക്കണ്ട് നമുക്ക് കൂടുതൽ മെച്ചപ്പെട്ട പോംവഴികളെക്കുറിച്ച് ചിന്തിക്കാം.
എന്നാൽ അങ്ങട്....
ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)
ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)


