ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷം; നിത്യഹരിത വൃക്ഷം, ലോങ്ങൻ | Chinese own Longan



സാപ്പിന്‍ഡേസി സസ്യകുടുംബത്തിലെ മറ്റൊരംഗമായ ലോങ്ങന്‍, ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോക്കാര്‍പ്പസ് ലോങ്ങന്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ഫലവൃക്ഷം 10 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. ഇതിന്റെ തളിരിലകളും ശാഖകളുമെല്ലാം വളരെ മനോഹരമായതിനാല്‍ ഒരു അലങ്കാരവൃക്ഷമായിക്കൂടി നട്ടുവളര്‍ത്താം. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ വരെ ലോങ്ങന്‍ സ്വാഭാവികമായി വളരുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പ്രദേശങ്ങളിലും ലോങ്ങന്‍ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്. ലോങ്ങന്‍ ഒരു മിതോഷ്ണമേഖലാ (sub -t ropical) ഫലവൃക്ഷമാണെങ്കിലും സമശീതോഷ്ണമേഖലയില്‍ നന്നായി വളര്‍ന്ന് മികച്ച വിളവ് നല്‍കുന്നതായി കണ്ടുവരുന്നു. മറ്റേതൊരു ഉഷ്ണമേഖലാ ഫലവൃക്ഷത്തെപ്പോലെയും ലോങ്ങനും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ചൂടും ആവശ്യമാണ്. മഴമാറി തുടങ്ങിയാല്‍ ലോങ്ങന്‍ തൈ നടാം. മികച്ച രീതിയില്‍ തയാറാക്കിയ തൈകള്‍ വേണം വാങ്ങി നടാന്‍.

സമതലത്തിലും ഹൈറേഞ്ചിലും

കേരളത്തിന്റെ സമതലങ്ങള്‍ക്കും ഹൈറേഞ്ചിനും വളരെ യോജിച്ച ഒരു ഫലവൃക്ഷമായി ഉയരാന്‍ ലോങ്ങന് സാധ്യതകളേറെ. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പ്രകൃതമായതിനാല്‍ ഓഫ് സീസണിലും പഴങ്ങള്‍ ഉത്പാദിപ്പിച്ച് വളരെ ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ലോങ്ങന്‍ കൃഷിയുള്ളതും, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും തായ്‌ലന്റാണ്. മികച്ച വിളയും വിലയും ലഭിക്കുന്നതിനാല്‍ തായ് കര്‍ഷകര്‍ ലോങ്ങന്‍ കൃഷി ചെയ്യാന്‍ ഉത്സാഹമുള്ളവരാണ്. ചൈന, ഇന്തോനേഷ്യ, അമേരിക്ക, നെതര്‍ലാന്‍ഡ്‌സ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്കാണ് ലോങ്ങന്‍ കയറ്റുമതി ചെയ്യുന്നത്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും ലോങ്ങനാണ്. ഏകദേശം അഞ്ച് ലക്ഷം മെട്രിക് ടണ്ണാണ് തായ്‌ലന്റിന്റെ ഉത്പാദനം.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

ധാരാളം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും ലോങ്ങനില്‍ നിന്നും തയ്യാറാക്കി മറ്റു രാജ്യങ്ങളില്‍ വിപണനം ചെയ്തു വരുന്നു. ഈ കണക്കുകളില്‍ നിന്നും ലോങ്ങന്‍ എത്രമാത്രം വ്യവസായ പ്രാധാന്യമുള്ള ഒരു പഴവര്‍ഗ്ഗമാണെന്നു മനസ്സിലാക്കാം.ലോങ്ങന്റെ ധാരാളം ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ‘ഈഡോ’ എന്നയിനമാണ് ഏറ്റവും മികച്ചത്. മറ്റ് ഇനങ്ങളേക്കാള്‍ വേഗത്തില്‍ വളര്‍ന്ന് മികച്ച വിളവ് നല്‍കുന്ന ഈഡോ അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇനമാണ്. ശരീരക്ഷീണമകറ്റി, ഊര്‍ജ്ജസ്വലത നല്‍കുന്ന ഒരു ഫലമായാണ് ലോങ്ങന്‍ അറിയപ്പെടുന്നത്. ശരീരത്തിന് ചൂടു നല്‍കി, ജീവിതസൗഭാഗ്യം പ്രദാനം ചെയ്യുന്ന ഒരു ഫലവൃക്ഷമായാണ് ലോങ്ങനെ ചൈനക്കാര്‍ കാണുന്നത്. മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും ലോങ്ങന്‍ ജ്യൂസ് ഇഷ്ടപ്പെടുമ്പോള്‍ കൊറിയക്കാര്‍ ഉണങ്ങിയ ലോങ്ങനാണ് ഇഷ്ടപ്പെടുന്നത്.
വിത്തുകള്‍ മുളയ്ക്കുമെങ്കിലും Bud/Graft തൈകളാണ് കൃഷിചെയ്യാന്‍ ഉപയോഗിക്കുന്നത്. മണല്‍ കലര്‍ന്ന ധാരാളം ജൈവാംശമുള്ള മണ്ണിലാണ് ലോങ്ങന്‍ കൃഷി ചെയ്യേണ്ടത്. റംബുട്ടാന്റെ കൃഷിരീതി ലോങ്ങനും അവലംബിക്കാം. ചെടികള്‍ തമ്മില്‍ 30 അടി അകലം നല്‍കിയാല്‍ മതിയാകും. ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളാണ് ലോങ്ങന്റെ പൂക്കാലം. മൂന്നുതരം പൂക്കള്‍ ലോങ്ങനില്‍ കാണാറുണ്ട്. അവ ആണ്‍പൂക്കള്‍, പെണ്‍പൂക്കള്‍, ദ്വിലിംഗ പുഷ്പങ്ങള്‍ എന്നിവയാണ്. ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ആണ്‍പൂക്കളാണ് ആദ്യം വിരിയുന്നത്. തുടര്‍ന്നു പെണ്‍പൂക്കളും ദ്വിലിംഗ പുഷ്പങ്ങളും. തേനീച്ചകളാണ് പരാഗണം നടത്തുന്നത്. പൂക്കളില്‍ പൂന്തേന്‍ ഉള്ളതിനാല്‍ മറ്റു പ്രാണികളും സന്ദര്‍ശിക്കാറുണ്ട്. ഒട്ടുംതന്നെ തണല്‍ വേണ്ടാത്ത ഒരു ഫലവൃക്ഷമാണ് ലോങ്ങന്‍ എന്നതിനാല്‍ നല്ല സൂര്യപ്രകാശമുള്ളിടത്താണ് ലോങ്ങന്‍ നട്ടുപിടിപ്പിക്കേണ്ടത്.


Read Also :

വര്‍ഷം മുഴുവന്‍ പൂക്കള്‍ ലഭിക്കുന്ന ചെടി ലിപ്സ്റ്റിക് ചെടി


ജൈവവളങ്ങളും ജലസേചനവും

വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കണം. വര്‍ഷം തോറും ധാരാളം ജൈവവളങ്ങളും സംയുക്തവളങ്ങളും നല്‍കാം. നട്ട് നാലു മാസങ്ങള്‍ കഴിഞ്ഞാല്‍ സംയുക്തവളങ്ങള്‍ നല്‍കാം. NPK 18 കോംപ്ലക്‌സ് 100 ഗ്രാം വീതം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നല്‍കി ഓരോ വര്‍ഷവും വളത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ ഒരു കിലോ വീതം NPK 18 കോംപ്ലക്‌സ് മൂന്നുപ്രാവശ്യം നല്‍കണം. സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക് എന്നിവയുള്‍പ്പെടുത്തണം. കാര്യമായ രോഗകീടബാധകളൊന്നും ലോങ്ങനില്‍ കാണുന്നില്ല. എങ്കിലും ഇലതീനിപ്പുഴുക്കള്‍ ചിലപ്പോള്‍ ശല്യമാകാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section