പഞ്ചസാര ഉൽപാദനത്തിനായി ഉപയോഗിക്കുന്ന ഉയരമുള്ള പുൽ വർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് കരിമ്പ് .പഞ്ചസാര വളരെ വലിയ അളവിൽ നിർമിക്കുകയും നാരുനിറഞ്ഞ തണ്ടിൽ മധുരമുള്ള നീരായി സംഭരിക്കുകയും ചെയ്യുന്നു എന്നതാണ് കരിമ്പിന്‍റെ പ്രത്യേകത.പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര് ഉപയോഗിക്കുന്നു.ഒരുപ്രധാന ഉഷ്ണമേഖലാവിളയായ കരിമ്പ് നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ധാരാളമായി വളരുക. നദീതടങ്ങളിലെ എക്കല്‍ കലര്‍ന്ന മണ്ണിലും കരിമ്പ് നന്നായി വളരും.
കരിമ്പിൻ തണ്ടിന്റെ ഇടനാഴികളിൽ സുക്രോസ് ധാരാളമായി അടങ്ങിയിരിക്കുന്നു. വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നിവ നിര്‍മിക്കാനാണ് കരിമ്പ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്.
കരിമ്പിൽ നിന്നും നേരിട്ട് ഈഥൈൽ ആൽക്കഹോൾ (എഥനോൾ) ഉത്പാദിപ്പിക്കാൻ കഴിയും , ജൈവ ഇന്ധന ഉൽപാദനത്തിനായി കരിമ്പ് വളർത്തുന്ന രാജ്യങ്ങളുണ്ട്., പ്രത്യേകിച്ച് ബ്രസീലിൽ. കരിമ്പുകൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഗംഗാതടങ്ങളിൽ കരിമ്പ് സമൃദ്ധമായി വളരുന്നു.കേരളത്തിലും ഭാഗീകമായി കരിമ്പ് കൃഷി ചെയ്യുന്നുണ്ട്.
കരിമ്പ് കൃഷിയില്‍ നിലമൊരുക്കല്‍ പ്രധാനമാണ്. കരിമ്പ് നടുന്നതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം. അതിനുശേഷം വളപ്രയോഗം നടത്തണം
വളപ്രയോഗം
ഹെക്ടറിന് 10 ടണ്‍ കാലിവളമോ/കമ്പോസ്റ്റോ, 5 ടണ്‍ പ്രസ്സ് മഡ്ഡോ (കരിമ്പ് ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്ടം) 500 കി. ഗ്രാം ഡോളോമൈറ്റോ, അല്ലെങ്കിൽ 750 കി.ഗ്രാം കുമ്മായമോ ചേര്‍ക്കണം. തൈകൾ വേരുപിടിച്ച് 25 ദിവസം കഴിഞ്ഞാൽ ആദ്യതവണ വളം ചേർത്തുകൊടുക്കണം. മധ്യകേരളത്തിലെ വരണ്ട മണ്ണിന് ഏക്കറിന് 75 കിലോ യൂറിയയും 30 കിലോ പൊട്ടാഷും വേണം. വളക്കൂറുള്ള മലയോരപ്രദേശങ്ങളിലെ മണ്ണിന് 50 കിലോ യൂറിയ മതിയാകും . നിരകൾക്കിടയിൽ വളം വിതറി കൊത്തിക്കൂട്ടുകയാണ് ചെയ്യേണ്ടത്.
കുമ്മായം, ഡോളമൈറ്റ്, കാത്സ്യം കാര്‍ബണേറ്റ് എന്നിവ നിലം ഒരുക്കുന്നതിന് മുമ്പാണ് ചേര്‍ക്കേണ്ടത്.കമ്പോസ്റ്റ്, കാലിവളം, പ്രസ്സ്‌മഡ്ഡ് തുടങ്ങിയവ നടുന്നതിനന് മുമ്പ് അടിവളമായി പാത്തികളില്‍ ഇടണം. പാക്യജനകവും, ചാരവും രണ്ട് തുല്യ തവണകളായി -നട്ട് 45-90 ദിവസങ്ങള്‍ കഴിഞ്ഞ് (മണ്ണിളക്കുന്നതോടൊപ്പം) ചേര്‍ക്കണം. നട്ട് 100 ദിവസങ്ങള്‍ക്ക് ശേഷം പാക്യജനകവളം ചേര്‍ക്കരുത്.
ഫോസ്ഫറസ് മുഴുവനും അടിവളമായി നല്‍കേണ്ടതാണ്.കരിമ്പ് ധാരാളമായി കൃഷി ചെയ്യുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ സാധാരണയായി നടുന്നതിനുമുമ്പ് തലക്കങ്ങള്‍ 500 ഗ്രാം അസോസ്പൈറില്ലം എന്ന ജീവാണുവളം കൊണ്ട് പരിചരിക്കുകയും, കൂടാതെ ഹെക്ടറോന്നിന് 5 കി. ഗ്രാം വീതം മണ്ണില്‍ ചേര്‍ക്കുന്നതും പതിവാണ്. ഇവിടെ പാക്യജനകം രാസവളമായി നല്‍കുന്നത് ഹെക്ടറിന് 175 കി. ഗ്രാം എന്ന തോതില്‍ മതിയാകും.
ഹെക്ടറിന് 10 ടണ്‍ പ്രസ്സ്‌മഡ്ഡ് ചേര്‍ക്കുമ്പോള്‍ ഭാവഹവളത്തിന്റെ തോത് പകുതിയായി കുറയ്ക്കാം
അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിന്‍ തണ്ടുകള്‍ നടേണ്ടത്. കരിമ്പിന്റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റർ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. മൂപ്പ് കൂടിയ ഇനങ്ങള്‍ 1 മീറ്റർ അകലത്തിൽ നടണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 75 സെമീ അകലത്തിലും 30 സെമീ എങ്കിലും താഴ്ചയുമുള്ള തടങ്ങളെടുത്താകണം.ഒരേക്കറിന് നടാൻ മൂന്നുമുട്ടുകളോടെ മുറിച്ചെടുത്ത 13000 ത്തോളം കഷണങ്ങൾ വേണ്ടിവരും. കുമിൾ രോഗബാധയൊഴിവാക്കാൻ ഇവ 0.25 ശതമാനം ഗാഢതയുള്ള ബോർഡോ മിശ്രിതത്തിൽ മുക്കിയ ശേഷം നടണം മൂപ്പെത്തിയ കരിമ്പുകളുടെ തണ്ട് ഏകദേശം 40 സെന്‍റിമീറ്റർ നീളത്തിൽ മുറിക്കുന്നു. എന്നിട്ട് തലയ്‌ക്കങ്ങൾ എന്നറിയപ്പെടുന്നവ പ്രത്യേകം തയ്യാറാക്കിയ ചാലുകളിൽ ഏതാണ്ട് 1.5 മീറ്റർ ഇടവിട്ട് നടുന്നു. ഓരോന്നിൽനിന്നും ഏതാണ്ട് 8 മുതൽ 12 വരെ കരിമ്പിൻതണ്ടുകൾ വളർന്നുവരും. 12 മുതൽ 16 വരെ മാസത്തെ വളർച്ചയോടെ അവ മൂപ്പെത്തും. കരിമ്പിൻ തണ്ടുകൾക്കും അവയുടെ സമൃദ്ധമായ ഇലപ്പടർപ്പിനും കൂടെ നാല് മീറ്റർ വരെ ഉയരം കണ്ടേക്കാം.
നടുന്നതിനു മുമ്പ് കുമിള്‍രോഗങ്ങള്‍ക്കെതിരെ കോപ്പർ അടങ്ങിയിട്ടുള്ള ഏതെങ്കിലും കുമിള്‍നാശിനിയില്‍ (0.25%) തലക്കങ്ങള്‍ മുക്കുന്നത് നല്ലതാണ്.
പാത്തിയില്‍ തലക്കങ്ങള്‍ ഒന്നിനുപുറമേ ഒന്ന് എന്ന ക്രമത്തില്‍ കിടത്തി നടണം. മുകുളങ്ങള്‍ വശങ്ങളിലേക്ക് വരത്തക്കവിധം തലക്കങ്ങള്‍ വയ്ക്കണം. അതിനുശേഷം മണ്ണിടാം. കുഴികളില്‍ നടുമ്പോള്‍ കുഴി ഒന്നിന് രണ്ടോ, മൂന്നോ തലക്കങ്ങള്‍ ആവാം.
സംയോജിത കീടനിയന്ത്രണം
കീടബാധയില്ലാത്ത തലക്കങ്ങള്‍ നടാനുപയോഗിക്കുക, കൃഷിയിടത്തിലും, കൃഷി രീതിയിലും ശുചിത്വം പാലിക്കുക, എലിക്കെണികളോ, എലിവിഷമോ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുക, പുഴുവിനെ നിയന്ത്രിക്കുന്നതിനായി 20 ഗ്രാം ബിവേറിയ ഉപയോഗിക്കുക എന്നിവയാണ് സംയോജിത കീടനിയന്ത്രണത്തിലെ പ്രധാന നടപടികള്‍.
രോഗങ്ങള്‍
ചെംചീയല്‍
കരിമ്പിന്റെ തണ്ട് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. ഇത്തരം തണ്ടുകള്‍ പൊളിച്ചുനോക്കിയാല്‍ ഉള്‍വശത്ത് കടുത്ത ചുവപ്പുനിറവും കുറുകെ വെളുത്ത പാടുകളും കാണാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. രോഗം ബാധിച്ച തലക്കങ്ങള്‍ നടുന്നതിലൂടെയും, ഒഴുകുന്ന വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ചുവടെ ചേര്‍ക്കുന്നു.
1. രോഗം ബാധിച്ച കരിമ്പ് എത്രയും പെട്ടെന്ന് വെട്ടിയെടുക്കണം. വിളവിലും ഗുണമേന്മയിലുമുള്ള നഷ്ടം കുറയ്ക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും ഇത് സഹായിക്കും. വിളവെടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മുഴുവനായും കത്തിച്ചു കളയണം.
2. ഏതെങ്കിലും ചെടിയില്‍ രോഗം കാണുകയാണെങ്കില്‍ ഉടനെ തന്നെ അവ വേരോടെ പിഴുതെടുത്ത് കത്തിച്ചു കളയണം.
3. രോഗം ബാധിച്ച വിളയില്‍നിന്ന് (കുറ്റിവിള) (rattoon) കൃഷി ചെയ്യരുത്.
4. രോഗബാധിത പ്രദേശത്ത് നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കുന്നതിന് നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തണം.
5. രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കരിമ്പിനുപകരം നെല്ലോ, മരച്ചീനിയോ കൃഷി ചെയ്യുക.
6. രോഗബാധയുള്ള ചെടികളില്‍ നിന്നോ, പ്രദേശങ്ങളില്‍ നിന്നോ നടാനുള്ള തലക്കങ്ങള്‍ എടുക്കാതിരിക്കുക.
7. രോഗബാധിത പ്രദേശങ്ങളില്‍ നീന്നും നടീല്‍ വസ്തുക്കള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍/ചട്ടങ്ങള്‍ ഏര്‍പ്പെടുത്തണം.
8. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
9. നടുന്നതിന് മുമ്പ് തലക്കങ്ങളുടെ മുറിഭാഗം കോപ്പർ ചേര്‍ന്ന ഏതെങ്കിലും കുമിള്‍നാശിനിയില്‍ മുക്കുക.
10. പകരുന്ന ഗ്രാസ്സിസ്റ്റണ്ട്, കാലാക്കരിമ്പ് മുരടിപ്പ് എന്നീ വൈറസ് രോഗങ്ങളെ താപപരിചരണം കൊണ്ട് നിയന്ത്രിക്കാം. രോഗബാധയില്ലാത്ത തലക്കങ്ങളുടെ ഉപയോഗം, പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ കൃഷി, യഥാസമയം കലര്‍പ്പുകള്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയും ഈ രോഗങ്ങളെ നിയന്ത്രികാവുന്നതാണ്.
മൂപ്പെത്തിയ ഉടനെതന്നെ വിളവെടുക്കണം. വിളവെടുപ്പ് വൈകിയാല്‍ കരിമ്പിന്റെ വിളവും അതുവഴി പഞ്ചസാരയുടെ മൊത്തം ലഭ്യതയും കുറയും.
പുരാതനകാലം മുതലേ ഇന്ത്യയിൽ കരിമ്പ് കൃഷിചെയ്‌തിരുന്നു. 327-ൽ അലക്‌സാണ്ടറിന്‍റെ ഇന്ത്യ ആക്രമണ വേളയിൽ സൈന്യത്തിൽ ഉണ്ടായിരുന്നവർ, ഇന്ത്യയിലെ ജനങ്ങൾ “തേനീച്ചകളുടെ സഹായം കൂടാതെ ഒരു തരം തേൻ ഉത്‌പാദിപ്പിച്ചിരുന്ന അത്ഭുതകരമായ ഒരു തണ്ട് ചവച്ചിരുന്ന”തായി രേഖപ്പെടുത്തുകയുണ്ടായി. ആ അത്ഭുത തണ്ട് നമ്മുടെ കരിമ്പാണ്. ആയുർവേദാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യങ്ങളിൽ ഏറ്റവും മുന്തിയതായാണ് കരിമ്പിനെ പറയുന്നത്. ഹിന്ദുപുരാണത്തിൽ കാമദേവന്റെ വില്ല് നീലക്കരിമ്പിൻ തണ്ടുകൊണ്ടുണ്ടാക്കിയതാണ്.
ഇനങ്ങള്‍
1) Co-T188322 (മാധുരി)
ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി
2) Co-92175
വരള്‍ച്ചയുള്ള സ്ഥലങ്ങളിലേക്ക് യോജിച്ചത്
3 ) Co-740
കാലാക്കരിമ്പിന് പറ്റിയത്
4) Co-6907, Co-7405,കള്‍ച്ചര്‍
ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി
5) 57/84(തിരുമധുരം)
നല്ല മധുരമുള്ളത്
6)Co-88017(മധുമതി)
ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി, വരള്‍ച്ചയും
7) കള്‍ച്ചര്‍ 527/85(മധുരിമ)
വെള്ളക്കെട്ടിനെ അതിജീവിക്കുംചീയൽരോഗത്തെ പ്രതിരോധിക്കുന്ന സി.ഒ 7405, സി.ഒ.6907, തിരുമധുരം, വെള്ളക്കെട്ടിലും വെള്ളക്ഷാമം ഉള്ളിടത്തും ഒരുപോലെ ഉപയോഗിക്കാവുന്നതും ചീയൽ രോഗത്തെ ചെറുക്കുന്നതുമായ ഇനമായ മധുരിമ, ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന മാധുരി, വെള്ള ലഭ്യത കുറഞ്ഞയിടങ്ങളിൽ പാകമായ സി.ഒ. 92175. കാലാകരിമ്പിനമായ സി.ഒ. 70 നടീൽ വസ്തുക്കളും കരിമ്പുകൃഷിക്കാർക്ക് വിത്തിനങ്ങളിൽ ആശ്രയിക്കാം.