പാവൽ കൃഷി: നൂറുമേനി വിളവെടുക്കാൻ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ രീതികളും രോഗകീട നിയന്ത്രണവും | Bitter Gourd Farming

പാവൽ കൃഷി: നൂറുമേനി വിളവെടുക്കാൻ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ രീതികളും രോഗകീട നിയന്ത്രണവും | Bitter Gourd Farming

GREEN VILLAGE 0
📝 പ്രമോദ് മാധവൻ എഴുതുന്നു...

കേരളത്തിലെ വാണിജ്യ പച്ചക്കറി വിളകളിൽ ശരാശരി വില എപ്പോഴും ഉറപ്പിക്കാവുന്ന വിളയാണ് പാവൽ അഥവാ കയ്പ. തമിഴ്നാട്ടിൽ നിന്നും അത്ര വലിയ ഇറക്കുമതി ഭീഷണി നേരിടാത്ത പച്ചക്കറിയാണിത്. കാരണം അവിടെ നിന്നും ലോറി മാറിക്കേറി ഇങ്ങ് വരുമ്പോഴേക്കും പാവയ്ക്കയുടെ മുള്ളൊക്കെ കൊഴിഞ്ഞ് ഭംഗി നഷ്ടപ്പെട്ടിട്ടുണ്ടാകും. നമ്മുടെ വെളുത്ത് തുടുത്ത മുള്ളൻ പാവയ്ക്കയുടെ ഏഴയലത്തു പോലും അത് എത്തില്ല. കാഴ്ച്ചയിലുള്ള ഗ്ലാമർ ആണല്ലോ ഉപഭോക്താവിനെക്കൊണ്ട് സാധനം മേടിപ്പിക്കുന്ന പ്രധാന ഘടകം.

എന്നാൽ വളരെ സൂക്ഷിച്ചു വേണം പാവൽ കൃഷിയിൽ ഇറങ്ങാൻ. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പാവൽ കൃഷിയിൽ നിന്നും തിരിച്ചു കയറാൻ പണിപ്പെടും.

⚠️ പാവൽ കൃഷിയിലെ 3 പ്രധാന വില്ലന്മാർ

  • മോസൈക് രോഗം:
    വൈറസ് മൂലം ഉണ്ടാകുന്ന കുരുടിപ്പ് അഥവാ മോസൈക് രോഗം പാവലിനെ ബാധിക്കുന്ന മാരകമായ രോഗമാണ്. ഇതിനെ നേരിടാൻ നല്ല മുന്നൊരുക്കം വേണം.
  • കീടങ്ങൾ:
    ചുവന്ന മത്തൻ വണ്ടുകളും (Pumpkin Beetles) ഇളംകായ്കളെ കുത്തുന്ന കായീച്ചയും (Melon Fly) ആണ് പ്രധാന കീടങ്ങൾ. നല്ല ശ്രദ്ധ ഇവരുടെ മുകളിൽ ഇല്ലെങ്കിൽ കട്ടയും പടവും മടക്കാം.
  • ഇലപ്പുള്ളി രോഗം:
    പാവൽ വള്ളി പന്തലിൽ എത്തി കായ്കൾ പിടിക്കാൻ ആരംഭിക്കുമ്പോൾ അടിയിലകളിൽ ഇലപ്പുള്ളി (Downy Mildew) തുടങ്ങും. ഇത് നിയന്ത്രിച്ചില്ലെങ്കിൽ തോട്ടത്തിന്റെ അകാല വാർദ്ധക്യം ഫലമാണ്.

🌱 നിലമൊരുക്കലും നടീലും

  • അനുയോജ്യമായ സ്ഥലം:
    ഒരു ട്രോപിക്കൽ വിളയായ പാവലിന് വളർച്ചാ ഘട്ടത്തിൽ 25-28 ഡിഗ്രി ചൂടാണ് അഭികാമ്യം. ദിവസവും 6-8 മണിക്കൂർ സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലമായിരിക്കണം. വെള്ളക്കെട്ടുണ്ടാക്കാൻ പാടില്ല, നല്ല നീർവാർച്ച ഉറപ്പാക്കണം.
  • കുഴിയെടുക്കൽ:
    ഒന്നര-രണ്ടടി വ്യാസവും ഒന്നൊന്നര അടി ആഴവും ഉള്ള കുഴികൾ എടുത്ത് കട്ട ഉടച്ച് പൊടിയാക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 2m x 2m അകലം നൽകണം. ഒരു തടത്തിൽ രണ്ടോ മൂന്നോ ആരോഗ്യമുള്ള ചെടികൾ നിർത്താം.
  • കുമ്മായ പ്രയോഗം:
    ഓരോ കുഴിയിലും 100-150 ഗ്രാം കുമ്മായം ചേർത്ത് ഇളക്കി, നനവ് നിലനിർത്തി കരിയിലകൾ കൊണ്ട് മൂടി രണ്ടാഴ്ച ഇടണം. ഇത് മണ്ണിന്റെ അമ്ലത കുറയ്ക്കാനും, രോഗങ്ങളെ ചെറുക്കാനും, കായ്കളുടെ സൂക്ഷിപ്പ് കാലാവധി കൂട്ടാനും, മണ്ണിലെ കീടങ്ങളെ നശിപ്പിക്കാനും സഹായിക്കും.
  • അടിവളവും വിത്ത് പാകലും:
    രണ്ടാഴ്ച കഴിഞ്ഞ് കുഴിയൊന്നിന് 10 കിലോ ചാണകപ്പൊടി, 100ഗ്രാം എല്ലുപൊടി, 100ഗ്രാം വേപ്പിൻ പിണ്ണാക്ക്, കുറച്ച് ചാരം, ചകിരിച്ചോറ് എന്നിവ ചേർത്ത് തടം ഒരുക്കാം. 2% വീര്യമുള്ള സ്യുഡോമോണാസ് ലായനിയിൽ കുതിർത്തു പാകുന്നത് വേഗം മുള വരാനും കുമിൾ രോഗങ്ങൾ തടയാനും സഹായിക്കും.

🥒 മികച്ച പാവൽ ഇനങ്ങൾ (Varieties)

ഇടത്തരം വലിപ്പമുള്ള, മുള്ളുള്ള, വെളുത്ത പാവയ്ക്കയാണ് മലയാളികൾക്ക് പ്രിയം. ഒരുപാട് വലിപ്പമുള്ള കായകൾ ഉപഭോക്താവിനെ പേടിപ്പിച്ചേക്കാം.

  • പ്രിയ & പ്രീതി:
    കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ മികച്ച ഇനങ്ങളാണ് പ്രിയയും പ്രീതിയും. ഇതിൽ 'പ്രീതി' ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയമുള്ള വെളുത്ത ഇനമാണ്. ഏക്കറിന് 6000 കിലോ വരെ വിളവ് ലഭിക്കും. 'പ്രിയങ്ക' എന്നത് വലിപ്പം കൂടിയ, ദശക്കട്ടി ഉള്ള കുരു കുറഞ്ഞ മറ്റൊരു ഇനമാണ്.
  • മറ്റ് സങ്കര ഇനങ്ങൾ:
    നാംധാരിയുടെ NS 435 (വെള്ള നിറം), ഈസ്റ്റ് വെസ്റ്റിന്റെ മായ (മിനുസമായ മുള്ളുള്ള നീണ്ട ഇനം). പച്ച നിറമുള്ളവയിൽ പാലി, മോണിക്ക, പ്രഗതി, നൂർ, പരാഗ് എന്നിവ മികച്ചതാണ്.

💡 വളപ്രയോഗവും പന്തലൊരുക്കലും

  • NPK നൽകാം:
    നൈട്രജൻ കിട്ടാൻ പച്ചച്ചാണകം, ഗോമൂത്രം, പിണ്ണാക്ക്, കോഴിവളം എന്നിവ നൽകാം. ഫോസ്ഫറസിനായി എല്ലുപൊടിയോ റോക്ക് ഫോസ്ഫേറ്റോ ഉപയോഗിക്കാം. പൊട്ടാസ്യം കിട്ടാൻ വലിയ അളവിൽ ചാരം അടിവളമായി നൽകുകയോ അല്ലെങ്കിൽ സൾഫേറ്റ് ഓഫ് പൊട്ടഷ് (SoP) ഇലകളിൽ തളിക്കുകയോ ചെയ്യാം.
  • രൂപഭംഗി കൂട്ടാൻ:
    കായ്കൾക്ക് വളവുണ്ടാകാതിരിക്കാൻ ബോറോൺ അടങ്ങിയ സൊല്യൂബോർ (Solubor) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. വിളർച്ച കണ്ടാൽ എപ്സം സാൾട്ട് (Epsom Salt) നൽകാം.
  • ചിനപ്പുകൾ ഒഴിവാക്കുക:
    പ്രധാന വള്ളി പന്തലിന് മുകളിൽ എത്തുന്നത് വരെ യാതൊരു ചിനപ്പുകളും (side shoots) അനുവദിക്കരുത്. അവയെല്ലാം പൊടിച്ചു വരുമ്പോൾ തന്നെ മുറിച്ചു കളയണം. വള്ളികൾ വളർന്ന് തുടങ്ങിയാൽ തടങ്ങളിൽ കരിയിലകൾ ഇട്ട് പുതച്ചു കൊടുക്കണം. പന്തലിന് മുകളിൽ വള്ളികൾ പരസ്പരം മൂടാത്ത രീതിയിൽ മാറ്റി വെച്ച് കൊടുക്കണം.

🛡️ രോഗ-കീട നിയന്ത്രണം (Pest Control)

  • വാട്ടരോഗവും അഴുകലും:
    അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമ കൾച്ചറും (90:10:1 അനുപാതത്തിൽ) അടിവളത്തോടൊപ്പം ചേർത്താൽ വാട്ട രോഗം തടയാം.
  • മത്തൻ വണ്ടും വെള്ളീച്ചയും:
    മത്തൻ വണ്ടിന്റെ പുഴുക്കളെ നശിപ്പിക്കാൻ വേപ്പിൻ പിണ്ണാക്കും കുമ്മായവും തടത്തിൽ നൽകുക. മോസൈക് രോഗം പരത്തുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ മഞ്ഞക്കെണി (Yellow sticky trap) തുടക്കത്തിലേ സ്ഥാപിക്കണം.
  • കായീച്ചകളെ തുരത്താം:
    കായ്കൾ പിടിക്കുന്നതിന് മുൻപ് തന്നെ ഫിറമോൺ കെണി, പഴക്കെണി, തുളസിക്കെണി എന്നിവ പന്തലിൽ തൂക്കിയിടണം. പെൺപൂവിന്റെ ദളങ്ങൾ കൂമ്പിക്കഴിഞ്ഞാൽ, കായ്കൾ പേപ്പർ കൊണ്ടോ കവറുകൾ കൊണ്ടോ പൊതിഞ്ഞു സംരക്ഷിക്കണം.
  • ഇലപ്പുള്ളി രോഗം (Downy Mildew):
    ഇലകളിൽ മഞ്ഞ പുള്ളിക്കുത്തുകൾ കാണുമ്പോൾ തന്നെ ആ ഇലകൾ പറിച്ചുമാറ്റി കത്തിച്ചു കളയണം. രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോമോണാസ് ലായനി തളിക്കണം.
  • മുഞ്ഞ, പച്ചത്തുള്ളൻ:
    2% വീര്യത്തിൽ വേപ്പെണ്ണ - ബാർസോപ്പ് - വെളുത്തുള്ളി മിശ്രിതം രണ്ടാഴ്ച കൂടുമ്പോൾ ഇലകളുടെ അടിയിൽ തളിച്ച് കൊടുക്കണം.

🧺 വിളവെടുപ്പ് (Harvesting)

കായുടെ ഉള്ളിലെ വിത്ത് (അരി) മൂക്കുന്നതിന് മുൻപ് വിളവെടുക്കണം, അപ്പോഴാണ് പാവലിന് രുചി കൂടുതൽ. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ വലിയ കായ്കൾ പറിച്ചു ചെടിയ്ക്ക് ലോഡ് ഒഴിവാക്കി കൊടുത്താൽ കൂടുതൽ കായ്കൾ പിടിക്കും. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചെറിയ അളവിൽ നൈട്രജൻ-പൊട്ടാസ്യം വളങ്ങൾ കൊടുക്കണം. ഇലകളെ സജീവമാക്കി നിർത്താൻ പച്ചച്ചാണകം നീട്ടി കലക്കി ഒഴിക്കാം.

പാവൽ കൃഷി വിജയിപ്പിക്കാൻ നല്ല ബുദ്ധിമുട്ടാണ്, ചേനക്കൃഷിയെപ്പോലെയല്ല. സമയത്ത് ചെയ്യേണ്ടത് സമയത്ത് തന്നെ ചെയ്യണം. എങ്കിൽ മാത്രമേ മികച്ച വരുമാനം നേടാനാകൂ! 💚

🌟 പ്രത്യേക അറിയിപ്പ്: ഗ്രാഫ്റ്റിംഗ് ക്ലാസ്സ് 🌟

മാവ്, പ്ലാവ്, റോസ്, റമ്പൂട്ടാൻ തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് 100% പ്രാക്ടിക്കലായി പഠിക്കാൻ ഒരു സുവർണ്ണാവസരം!

Grafting Class Kerala

ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

ക്ലാസ്സ് ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക ➔

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad