മാമ്പഴക്കാലം സമാഗതമായി. ഇനി മാർക്കറ്റിൽ "മാമ്പഴമാ മാമ്പഴം, മൽഗോവ മാമ്പഴം, സേലത്ത് മാമ്പഴം" എല്ലാം ഇഷ്ടം പോലെ കിട്ടും. മെയ് മാസം ആകുമ്പോൾ വിലയെല്ലാം കുറയും. എന്നാൽ സ്വന്തം പറമ്പിലെ ഈച്ച കുത്താത്ത നല്ല കിടിലൻ മാങ്ങ കഴിക്കണമെങ്കിൽ ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം!
വില്ലനെ തിരിച്ചറിയാം: ആരാണ് ഈ കായീച്ച?
വിളയാൻ തുടങ്ങുന്ന മാങ്ങകളുടെ ഏറ്റവും വലിയ ശത്രു 'കായീച്ച'കൾ അഥവാ Fruit Flies ആണ്. Tephritidae എന്ന പ്രാണി കുടുംബത്തിലെ കന്നംതിരിഞ്ഞവന്മാർ! ആണും പെണ്ണും ഒരുപോലെ ശല്യക്കാർ തന്നെ. ലോകത്ത് എവിടെയൊക്കെ മാങ്ങാ ഉണ്ടോ അവിടെല്ലാം ലവന്മാർ ഉണ്ട്. Bactrocera dorsalis / mangiferae എന്നാണ് ഈ എരണം കെട്ടതിന്റെ സ്കൂളിലെ പേര്.
കായീച്ചയുടെ പ്രവർത്തന രീതി (Life Cycle):
- 🪰 കണ്ടാൽ തേനീച്ചയെപോലെ തോന്നും. പെണ്ണീച്ചയ്ക്ക് പൃഷ്ഠത്തിൽ കുന്തം പോലെ ഒരവയവമുണ്ട്. അത് ഉപയോഗിച്ച് വിളഞ്ഞു വരുന്ന മാങ്ങയുടെ തൊലിയുടെ അടിയിലേക്ക് മുട്ടക്കൂട്ടങ്ങൾ ഇൻജെക്ട് ചെയ്ത് വയ്ക്കും.
- 🥚 തമാശയ്ക്കല്ലല്ലോ മുട്ടയിടുന്നത്, അത് വിരിഞ്ഞു കുഞ്ഞാവാൻ തന്നെയാണ്. ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തന്നെ മുട്ടകൾ ഇടും. തൊലിയുടെ അടിയിലെ ചൂട് കൊണ്ട് മുട്ട വിരിയും. മാങ്ങയുടെ കാമ്പ് തിന്ന് വളരും.
- 🐛 പൂർണ വളർച്ചയെത്തിയാൽ മാങ്ങയോടെ താഴേക്ക് ഇറുന്ന് വീഴും. അല്ലെങ്കിൽ ആ ഭാഗം തുറന്ന് ഒരു പാരച്യൂട്ട് വിദഗ്ധനെപ്പോലെ താഴേക്ക് ഊർന്നിറങ്ങും.
- 🌱 എന്നിട്ട് ഇളകിയ മണ്ണിനടിയിൽ കയറിയിരുന്ന് സമാധിദശ (Pupa) പൂർത്തിയാക്കി പുതിയ ഈച്ചക്കുട്ടൻ/കുട്ടി ആയി പുറത്ത് വരും. വീണ്ടും പരിപാടി ഇത് തന്നെ. "ഉണ്ണുക, ഉറങ്ങുക, ഉണ്ണിയുണ്ടാക്കുക".
ഈച്ച കുത്താതെ മാങ്ങ കിട്ടാൻ 8 കിടിലൻ വഴികൾ
ഈ ജീവിത ചക്രം മനസ്സിലാക്കിയാൽ ഇതിനെ നിയന്ത്രിക്കാനുള്ള ക്ലൂസ് (Clues) കിട്ടും. അതിനായുള്ള 8 വഴികൾ താഴെ പറയുന്നവയാണ്:
- ✂️ 1. കൊമ്പുകോതൽ (Pruning): മാവിലെ ചിലകൾക്കിടയിൽ നല്ല വായുസഞ്ചാരം, സൂര്യപ്രകാശം എന്നിവ കിട്ടണം. അതിനായി എല്ലാകൊല്ലവും മാവിന്റെ കൊമ്പുകൾ ഉചിതമായ രീതിയിൽ കോതണം.
- 🌳 2. ഉയരം കുറയ്ക്കുക: മാവിന് Vertical Growth-നേക്കാൾ Horizontal Growth ആണ് വേണ്ടത്. മാവിന്റെ നടുഭാഗം തുറന്ന് കിടക്കണം (Open Centred Canopy). അപ്പോൾ മാങ്ങാകൾ കയ്യെത്തും ഉയരത്തിൽ കിട്ടും. അത് കവർ ഇടാനും മാങ്ങാകൾ കേടു കൂടാതെ പറിക്കാനും ഉപകരിക്കും.
- 🍂 3. വേപ്പിൻ പിണ്ണാക്ക് പ്രയോഗം: മാവിൻ ചുവടുകൾ ചെറുതായി കൊത്തിയിളക്കി പൊടിച്ച വേപ്പിൻ പിണ്ണാക്ക് വിതറണം. അപ്പോൾ ഇളകിയ മണ്ണിനടിയിലേക്ക് വരുന്ന കായീച്ചയുടെ പുഴുക്കൾ വേപ്പിൻ പിണ്ണാക്കിന്റെ ശക്തിയിൽ "നിത്യ സമാധി'യാകും.
- 🛍️ 4. കവർ ചെയ്യുക (Bagging): പകുതി മൂപ്പെത്തിക്കഴിഞ്ഞാൽ ചെറിയ ദ്വാരങ്ങൾ വായു സഞ്ചാരത്തിനായി ഇട്ട പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മാങ്ങകൾ സ്റ്റാപ്ലർ ചെയ്യണം. ഇതാണ് ഏറ്റവും ഫലപ്രദം.
- 🪤 5. കെണികൾ (Traps): ആണീച്ചകൾ "കാമാസക്തി' കൂടിയവരും മണ്ടന്മാരുമാണ്. തുളസിക്കെണി ഉപയോഗിച്ചും ഫിറമോൺ കെണി (Pheromone Trap) ഉപയോഗിച്ചും അവരെ പിടിച്ച് നശിപ്പിക്കാം. അങ്ങനെ ഇണചേരൽ സാധ്യത കുറയ്ക്കാം. പെരുക്കം നിയന്ത്രിക്കാം.
- 🌿 6. വേപ്പെണ്ണ മിശ്രിതം: വേപ്പെണ്ണ-സോപ്പ് മിശ്രിതം രണ്ടാഴ്ച കൂടുമ്പോൾ തളിച്ച് കുറച്ചൊക്കെ ഇവരെ അകറ്റി നിർത്താം.
- 🧴 7. കെണി ലായനി: ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ശർക്കര, 2 മില്ലി Malathion / Deltamethrin എന്നിവ കലർത്തി രണ്ടാഴ്ച കൂടുമ്പോൾ കായ്കളിലും ഇലകളിലും തളിക്കാം.
- 🔥 8. വീഴുന്ന മാങ്ങകൾ നശിപ്പിക്കുക (പരമപ്രധാനം): കേടായി വീഴുന്ന മാങ്ങാകൾ കീറി ചൂട് വെള്ളത്തിൽ ഇട്ട് പുഴുക്കളെ കൊന്ന് കളയാം. പുഴുക്കളെ കൊല്ലാതെ ഒരിയ്ക്കലും കേടായ മാങ്ങാകൾ മണ്ണിലേക്ക് വലിച്ചെറിയരുത്. ഇതാണ് ഏറ്റവും പരമപ്രധാനമായ കാര്യം!
വിപണിയിൽ വരുന്ന മാങ്ങാകളെല്ലാം ഈ നശൂലത്തെ എതിരിട്ട് വരുന്നവരാണ്. പലപ്പോഴും നന്നായി കീടനാശിനി ഉപയോഗിച്ച് തന്നെ. ആയതിനാൽ കീടനാശിനി ഇല്ലാത്ത മാങ്ങാ കഴിക്കാൻ അവനവൻ തന്നെ മുൻകൈ എടുക്കണം രമണാ... അതിന് നല്ല മെനക്കേടാണ്. കായീച്ചയെ നിയന്ത്രിക്കുക ദുഷ്കരമാണുണ്ണീ... കടയിൽ നിന്ന് മാങ്ങാ വാങ്ങി തിന്നുന്നതല്ലോ സുഖപ്രദം! എന്നാൽ അങ്ങട്...
പ്രത്യേക അറിയിപ്പ്: ഗ്രാഫ്റ്റിംഗ് ക്ലാസ്സ്
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു. മാവ്, പ്ലാവ്, റോസ്, റമ്പൂട്ടാൻ തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് 100% പ്രാക്ടിക്കലായി പഠിക്കാം.
ഗ്രാഫ്റ്റിംഗ് ക്ലാസ്സ് ബുക്ക് ചെയ്യാം 👉ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക വാർത്തകളും പുതിയ അറിവുകളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
📢 Follow our WhatsApp ChannelOR
Join WhatsApp Group
