വേനലിന്റെ തണ്ണീർക്കുടങ്ങൾ: കണിവെള്ളരിയും പൊട്ടുവെള്ളരിയും; കൃഷിരീതിയും ലാഭക്കണക്കുകളും | Sujith PG

ഡിസംബറിൽ തുടങ്ങുന്ന കൃഷി ജനുവരി അവസാനത്തോടെ കായ് പറിക്കാൻ തുടങ്ങണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ പറ്റുന്ന ഒരു പച്ചക്കറി എന്നതും കർഷകർക്ക് ഈ വിള സ്വീകാര്യമാകുന്നതിന് ഒരു കാരണമാണ്.

വിളവെടുപ്പും കാലയളവും

നട്ട് 22-25 ദിവസത്തിനുള്ളിൽ പൂവിടുന്ന ചെടി 45 ദിവസത്തോടെ കായ് പറിക്കാൻ പരുവത്തിലാകും. തുടർന്ന് ഒന്നോ രണ്ടോ വിളവെടുപ്പ് ചെറിയ തോതിൽ നടത്തുമ്പോഴേക്കും കായ്കളുടെ എണ്ണം വർദ്ധിക്കും. അങ്ങനെ 50-60 ദിവസത്തിനിടയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കായ് പറിക്കേണ്ടിവരും. ഇതാണ് പ്രധാന വിളവെടുപ്പ് സമയം.

തുടർന്ന് ഒന്നോ രണ്ടോ വിളവെടുപ്പു കൂടി ലഭിച്ച് 65-70 ദിവസത്തോടെ കൃഷി അവസാനിക്കും. ഒരു ചെടിയിൽ നിന്നും പരമാവധി 7-8 തവണ കായ് പറിച്ചെടുക്കാമെങ്കിലും 4-5 തവണയാണ് വാണിജ്യാടിസ്ഥാനത്തിൽ ഗുണകരമായ വിളവെടുപ്പ്. 7-8 പൊട്ടുവെള്ളരികൾ ഒരു ചെടിയിൽ ഉണ്ടാകും. ഇതിന്റെ ഏകദേശം തൂക്കം രണ്ട് മുതൽ രണ്ടര കിലോ വരും.

വിലയും ലാഭവും:
ജനുവരി അവസാനത്തോടെ തുടങ്ങി സീസണിൽ പരമാവധി വില കിലോയ്ക്ക് 35-40 രൂപ വരെ ലഭിക്കാം. തുടർന്ന് വിപണിയിൽ കായ് ലഭ്യത വർദ്ധിക്കുന്നതിനനുസരിച്ചും കാലാവസ്ഥയുടെ സ്വഭാവം അനുസരിച്ചും 18-20 വരെ വില കുറയും.

കൃഷി വ്യാപനം

എറണാകുളം, തൃശ്ശൂർ ജില്ലയിലെ ഏകദേശം 15 ഓളം പഞ്ചായത്തുകളിലായാണ് പൊട്ടുവെള്ളരി കൃഷി വ്യാപിച്ചുകിടക്കുന്നത്. ഫെബ്രുവരിയിൽ തീരുന്ന ആദ്യ സീസണു ശേഷം ഫെബ്രുവരിയിൽ വീണ്ടും ഒരു സിസൺ കൂടി കൃഷി ചെയ്ത് മാർച്ച് - ഏപ്രിൽ മാസത്തേക്ക് വിളവെടുക്കുന്ന കർഷകർ ധാരാളമായുണ്ട്.

ഈ സമയങ്ങളിൽ ഈ വിള കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ നെൽപാടങ്ങളിൽ പല ഘട്ടത്തിലുള്ള വിള മണ്ണിനെ പച്ചപുതപ്പണിയിച്ച പോലെ നയനമനോഹരമാണ്. ഭൂരിഭാഗം കർഷകരും പാട്ടത്തിനെടുത്ത നെൽപാടങ്ങളിലാണ് ഈ കൃഷി നടത്തുന്നത്. അതുകൊണ്ടുതന്നെ നെല്ലിൻ്റെ ലാഭത്തിന് പുറമേ പൊട്ടുവെള്ളരി കർഷകർക്ക് വലിയ ആശ്വാസം നൽകും.

സാഹചര്യം അനുകൂലമാണെങ്കിൽ ഏക്കറിന് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കാം. തോട്ടാടിസ്ഥാനത്തിൽ വിൽപ്പന നടത്തുമ്പോൾ പഠിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെങ്കിലും ലാഭം അൽപ്പം കുറയും.

തീരദേശഹൈവേയിലെ തണ്ണീർപന്തലുകൾ

തീരദേശഹൈവേയുടെ അരികിലുള്ള പഴം കച്ചവടക്കാരാണ് പ്രധാനമായും ഇത് വിൽപ്പനയ്ക്കായി വാങ്ങുന്നത്. മൂപ്പെത്തിയാൽ തന്നെ പൊട്ടുന്നതിനാലാണ് ഈ വെള്ളരിക്ക് 'പൊട്ടുവെള്ളരി' എന്ന പേര് വന്നത്. പൊട്ടിയ കായുടെ ഉള്ളിലെ കാമ്പ് ചുരണ്ടിയെടുത്ത് സ്വാദിഷ്ടങ്ങളായ വിഭവങ്ങൾ തയ്യാറാക്കാം. വെറുതെ കാമ്പിൽ മധുരം ചേർത്ത് മാത്രം ജ്യൂസ്സ് രൂപത്തിൽ ഇത് കടകളിൽ വേനൽക്കാലങ്ങളിൽ വില്പനയ്ക്ക് ലഭ്യമാണ്.

പല കർഷകരും റോഡിനോട് ചേർന്ന പാടങ്ങളിൽ കൃഷി ചെയ്ത് പൊട്ടുന്ന കായ്കൾ ശേഖരിച്ച് അപ്പോൾ തന്നെ ജ്യൂസാക്കി താൽക്കാലിക പന്തലുകൾ റോഡരികിൽ തയ്യാറാക്കി വിൽപ്പന നടത്തുന്നത് ഈ പ്രദേശങ്ങളിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. ഈ പ്രദേശത്തെ വിട്ടമ്മമാരുടെ നൈപുണ്യത്തിൽ ഇതിൻ്റെ കാമ്പ് നാളികേരം ചിരകിയും അരിപ്പൊടി പോലുള്ള ഉത്പന്നങ്ങളും ചേർത്ത് സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി അതിഥികളെ സൽക്കരിക്കുന്നത് വേറിട്ട ഒരു സ്വാദ് നമ്മുടെ നാവിൽ പകർന്നുതരും.

സേഫ് ടു ഈറ്റ് (Safe to Eat)

പൂർണ്ണമായും ജൈവവളങ്ങളുപയോഗിച്ച് 'safe to eat' എന്ന രീതിയിൽ രാസകീടനാശിനികളില്ലാതെ അല്പം രാസവളം മാത്രം പ്രയോഗിച്ചും ഇത് കർഷകർ കൃഷി ചെയ്തുവരുന്നു. നൈട്രജൻ, പൊട്ടാഷ് വളങ്ങളുടെ ലഭ്യത എല്ലാ സമയത്തും തുടക്കത്തിൽ ഫോസ്‌ഫറസ് വളങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ഇതിനായി യൂറിയ, പൊട്ടാഷ്, രാജ്‌ഫോസ് വളങ്ങൾ ഉപയോഗിക്കുന്നവരും ജൈവരീതിയിൽ ജീവാമൃതം, എല്ലുപൊടി, വളച്ചായ പോലുള്ളവയും ഉപയോഗിക്കുന്ന കർഷകരും നിലവിലുണ്ട്.

കീടരോഗങ്ങളും മഴയും വില്ലൻ

കീടരോഗം കുറവാണെങ്കിലും വാട്ടരോഗം ചിലപ്പോൾ ബാധിക്കാറുണ്ട്. സ്യൂഡോമോണസിന്റെ ഉപയോഗം വിത്തുപരിചരണം മുതലേ ഉറപ്പാക്കണം. കീടാക്രമണങ്ങൾ വേപ്പധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു. ഇത് കൃത്യമായി ഉറപ്പാക്കണം.

അപ്രതീക്ഷിത മഴ:
അപ്രതിക്ഷിതമായെത്തുന്ന മഴയാണ് ഈ കൃഷിയിലെ വില്ലൻ. കർഷകരുടെ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ച് നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ ഒരു വേനൽമഴ മതി. വിളയുടെ പൊട്ടൽ സംഭവിക്കുന്നതും കാലാവസ്ഥാ മാറ്റം ഉത്പന്നത്തിന്റെ ആവശ്യം കുറയ്ക്കുന്നതുമാണ് പ്രധാനം.

കൃത്യതാകൃഷിയിൽ ലാഭമേറെ

തുറന്ന കൃത്യതാ കൃഷിയിൽ ചെയ്യുമ്പോൾ ഏക്കറിന് 1.2 ലക്ഷം രൂപ ചെലവുവരുമെങ്കിലും തുടർന്ന് മറ്റു വിളകൾ കൃഷി ചെയ്യുന്നതിനേക്കാൾ ലാഭകരമാണ്. തുടർവർഷങ്ങളിൽ ഏകദേശം 80,000 മുതൽ 1 ലക്ഷം രൂപ വരെ ലാഭം ഉറപ്പാക്കാൻ കഴിയുമെന്നാണ് ഈ പ്രദേശത്തെ കർഷകരുടെ അനുഭവം.

നാടൻ രീതിയിൽ പാടങ്ങളിൽ കൃഷി ചെയ്യുന്നവർക്ക് മുടക്കു മുതൽ കുറവായിരിക്കും. ലാഭം 50,000 രൂപയിൽ താഴെ മാത്രമാണ് ഒരേക്കറിൽ നിന്നും സാധാരണയായി ലഭിക്കുന്നത്.

വിത്ത്:
ശരീരത്തിന് കുളിർമയും കാഴ്ച്ചയിൽ പുരയ്ക്കു പോലെയും തോന്നുന്ന ഈ വിള പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കാറില്ല. കർഷകർ തന്നെ എടുത്തു സൂക്ഷിച്ചു വെയ്ക്കുന്ന വിത്താണ് ഓരോ തവണയും കൃഷിക്ക് ഉപയോഗിക്കുന്നത്. കിലോയ്ക്ക് 4000 മുതൽ 8000 രൂപ വരെയാണ് വിത്തിന് കർഷകർ വില ഈടാക്കുന്നത്. സാധാരണ ഈ സീസണിൽ വിത്തായി എടുത്തുവെയ്ക്കുന്നത് അടുത്ത വർഷത്തിലാണ് നടുന്നതിന് ഉപയോഗിക്കാറുള്ളത്. വിത്ത് ലഭ്യത കർഷകരിൽ നിന്നും മാത്രമാണ് എന്നതാണ് ഈ വിളയുടെ കൃഷി ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങാൻ കാരണം. ചെറിയ തോതിൽ കാർഷിക സർവ്വകലാശാല പച്ചക്കറി വിഭാഗം ഈ വിത്ത് വിതരണം ചെയ്യാറുണ്ട്.

വേനൽക്കാലങ്ങളിലെ വാണിജ്യ സാധ്യത കണക്കിലെടുത്ത് കൂടുതൽ പ്രദേശങ്ങളിൽ ഇത്തരം വെള്ളരിവിളകൾ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഇനിയെപ്പോഴെങ്കിലും തീരദേശ ഹൈവേയിലൂടെ വേനൽക്കാലങ്ങളിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ടായാൽ പൊട്ടുവെള്ളരി രുചിച്ചു നോക്കാൻ മറക്കല്ലേ. ആ രുചി നിങ്ങളെ അതിൻ്റെ കൃഷിയിലേക്കെത്തിക്കും എന്നതാണ് സത്യം.

- സുജിത് പി.ജി
Grafting Training Kerala Batch 11
📢 ADMISSIONS OPEN

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11)

ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം.
📅 2026 ഏപ്രിൽ 12 (ഞായർ)

📞 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section